HomeCanada Newsവിദ്യാഭ്യാസ മേഖലയിൽ എഐ ഉപയോഗത്തിന് ദേശീയ നയം വേണമെന്ന് അധ്യാപകർ

വിദ്യാഭ്യാസ മേഖലയിൽ എഐ ഉപയോഗത്തിന് ദേശീയ നയം വേണമെന്ന് അധ്യാപകർ

വിദ്യാഭ്യാസ മേഖലയിൽ എഐ ഉപയോഗത്തിന് ദേശീയ നയം വേണമെന്ന് അധ്യാപകർ

സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കൃത്രിമ ബുദ്ധി (AI) സാങ്കേതികവിദ്യയുടെ ഉപയോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ, രാജ്യവ്യാപകമായി വ്യക്തവും ഏകീകൃതവുമായ നയം രൂപീകരിക്കണമെന്ന് അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും ആവശ്യപ്പെട്ടു. നിലവിൽ ഓരോ സ്കൂൾ ബോർഡുകളും വ്യത്യസ്ത മാർഗനിർദേശങ്ങളാണ് പിന്തുടരുന്നത്. ഇതുമൂലം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആശയക്കുഴപ്പമുണ്ടാകുന്നതായാണ് വിലയിരുത്തൽ.
ആൽബർട്ട ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജേസൺ ഷില്ലിംഗിന്റെ അഭിപ്രായത്തിൽ, എഐയുടെ വളർച്ച അതിവേഗത്തിലായിരിക്കുമ്പോഴും അതിനനുസരിച്ചുള്ള വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുന്നതിൽ സർക്കാരുകളും വിദ്യാഭ്യാസ ബോർഡുകളും പിന്നിലാണ്. ഈ സാഹചര്യം “വൈൽഡ് വെസ്റ്റിന് സമാനമാണ്” എന്നും, എഐയുടെ ഉപയോഗം സംബന്ധിച്ച് പല സ്കൂളുകളും സ്വന്തം നിലയിൽ തീരുമാനങ്ങളെടുക്കേണ്ടിവരുന്നതായും അദ്ദേഹം പറഞ്ഞു.
വിന്നിപെഗിലെ പെംബിന ട്രെയിൽസ് സ്കൂൾ ഡിവിഷൻ സർക്കാർ മാർഗനിർദേശങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് രണ്ട് വർഷം മുൻപുതന്നെ സ്വന്തം എഐ മാർഗനിർദേശങ്ങൾ നടപ്പാക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് സ്കൂൾ നെറ്റ്‌വർക്കിലൂടെ എഐ ടൂളുകൾ ഉപയോഗിക്കാൻ അനുമതിയില്ലെങ്കിലും അധ്യാപകർക്ക് അവ പ്രയോജനപ്പെടുത്താം. അതേസമയം, സ്കൂളിന് പുറത്തുള്ള സാഹചര്യങ്ങളിൽ വിദ്യാർത്ഥികൾ എഐ ഉപയോഗിക്കുന്നതിനാൽ ഏതൊക്കെ സാഹചര്യങ്ങളിൽ എഐ ഉപയോഗിക്കാമെന്നും എപ്പോൾ ഒഴിവാക്കണമെന്നും വ്യക്തമായ നിർദേശങ്ങൾ നൽകണമെന്ന് അധികൃതർ പറയുന്നു. എഐയെ “ചിന്തയ്ക്ക് സഹായിക്കുന്ന ഉപകരണം” എന്ന നിലയിൽ ഉപയോഗിക്കണമല്ലാതെ “ജോലി ചെയ്തുതരുന്ന ഉപകരണം” ആക്കരുതെന്നാണ് അവരുടെ നിലപാട്.
എഐ ഉപയോഗവുമായി ബന്ധപ്പെട്ട നയങ്ങൾ രൂപീകരിക്കാൻ സമയവും വിഭവങ്ങളും ആവശ്യമാണ്. അതോടൊപ്പം നവീന സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സ്വകാര്യത, അക്കാദമിക സത്യസന്ധത, വിദ്യാർത്ഥികളുടെ വിമർശനാത്മക ചിന്താശേഷി എന്നിവ സംരക്ഷിക്കുന്നതും ഒരുപോലെ പ്രധാനമാണെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ദേശീയതലത്തിലോ പ്രവിശ്യാതലത്തിലോ ഏകീകൃത മാർഗനിർദേശങ്ങൾ തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയും അവർ ഉയർത്തിക്കാട്ടി.
ഇതിനിടെ, കാനഡയിലെ അധ്യാപകരിൽ നടത്തിയ ഒരു സർവേയിൽ ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള അധ്യാപകരിൽ 49 ശതമാനം പേർക്ക് മാത്രമാണ് എഐ ഉപയോഗവുമായി ബന്ധപ്പെട്ട ഔദ്യോഗിക പരിശീലനം ലഭിച്ചതെന്ന് കണ്ടെത്തി. അതേസമയം, വിദ്യാർത്ഥികളെ എഐ ഉത്തരവാദിത്തത്തോടെയും ധാർമികമായും ഉപയോഗിക്കാൻ പഠിപ്പിക്കുന്നതിനുള്ള പരിശീലനം ലഭിച്ചിട്ടില്ലെന്ന് 63 ശതമാനം അധ്യാപകരും വ്യക്തമാക്കി.
വിദ്യാഭ്യാസം പ്രവിശ്യകളുടെ അധികാരപരിധിയിലാണെങ്കിലും, സ്കൂളുകളിൽ ഉപയോഗിക്കുന്ന എഐ അധിഷ്ഠിത വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് പൊതുമാനദണ്ഡങ്ങളും സുരക്ഷാ ചട്ടങ്ങളും രൂപീകരിക്കുന്നതിൽ ഫെഡറൽ സർക്കാരിനും നിർണായക പങ്ക് വഹിക്കാനാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയുടെ ഗുണങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനൊപ്പം പഠനത്തിന്റെ ഗുണനിലവാരവും അക്കാദമിക വിശ്വാസ്യതയും സംരക്ഷിക്കുന്ന തരത്തിലുള്ള സമതുലിതമായ നയമാണ് ഇപ്പോൾ അനിവാര്യമെന്നാണ് അവരുടെ വിലയിരുത്തൽ.

error: Content is protected !!