ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യയ്ക്ക് 7.7% ജിഡിപി വളർച്ച
ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് വൻ മുന്നേറ്റം. 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യം 7.7 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചതായി കേന്ദ്ര സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മുൻ സാമ്പത്തിക വർഷത്തെ 7.1 ശതമാനത്തേക്കാൾ മികച്ച വളർച്ചയാണിത്. ജൂൺ 6 വെള്ളിയാഴ്ചയാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ മാത്രം രാജ്യം 7.8 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ പാദത്തിൽ ഇത് 7.0 ശതമാനമായിരുന്നു. നാണയപ്പെരുപ്പം കുറച്ചുള്ള രാജ്യത്തിന്റെ യഥാർത്ഥ ജിഡിപി 2024-25 ലെ 299.89 ലക്ഷം കോടി രൂപയിൽ നിന്നും 2025-26 ൽ 323.12 ലക്ഷം കോടി രൂപയായി ഉയർന്നു. മാർച്ച് പാദത്തിലെ യഥാർത്ഥ ജിഡിപി 87.77 ലക്ഷം കോടി രൂപയായാണ് കണക്കാക്കുന്നത്.
നാണയപ്പെരുപ്പം കൂടി ഉൾപ്പെടുന്ന നോമിനൽ ജിഡിപി (Nominal GDP) 8.9 ശതമാനം വളർച്ചയോടെ 346.36 ലക്ഷം കോടി രൂപയായി ഉയർന്നു. മുൻ വർഷമിത് 318.07 ലക്ഷം കോടി രൂപയായിരുന്നു. മാർച്ച് പാദത്തിൽ മാത്രം നോമിനൽ ജിഡിപി 9.1 ശതമാനം വളർച്ചയോടെ 94.65 ലക്ഷം കോടി രൂപയിലെത്തി.
സമ്പദ്വ്യവസ്ഥയുടെ യഥാർത്ഥ അവസ്ഥ പ്രതിഫലിപ്പിക്കുന്ന ഗ്രോസ് വാല്യൂ ആഡഡ് വളർച്ച 7.9 ശതമാനമായി മെച്ചപ്പെട്ടു. മുൻ വർഷമിത് 7.3 ശതമാനമായിരുന്നു. നാലാം പാദത്തിൽ യഥാർത്ഥ ജിവിഎ 7.9 ശതമാനം വളർച്ചയോടെ 80.18 ലക്ഷം കോടി രൂപയായും, നോമിനൽ ജിവിഎ 9.9 ശതമാനം ഉയർച്ചയോടെ 86.46 ലക്ഷം കോടി രൂപയായും വർദ്ധിച്ചു.
