ഡിസബിലിറ്റി ബെനഫിറ്റ്: അർഹരായവർക്ക് $150 അധിക സഹായം
കാനഡ ഡിസബിലിറ്റി ബെനഫിറ്റ് (CDB) പദ്ധതിക്ക് അർഹരായ കാനഡക്കാർക്ക് Disability Tax Credit (DTC)ലഭിക്കുന്നതിനുള്ള അപേക്ഷാ ചെലവുകൾ പരിഹരിക്കാൻ സർക്കാർ ഒറ്റത്തവണയായി $150 നൽകും.
DTC ലഭിക്കുന്നതിനുള്ള അപേക്ഷാ നടപടികളിൽ ചിലർക്കു മെഡിക്കൽ പ്രൊഫഷണലുകളുടെ സേവനം ആവശ്യമായി വരുന്നതിനാൽ അധിക ചെലവുകൾ ഉണ്ടാകാറുണ്ട്. ഈ സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായാണ് പുതിയ $150 സപ്ലിമെന്ററി പേയ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
2025 ജൂലൈ മുതൽ 2026 ജൂൺ വരെ CDB പേയ്മെന്റ് ലഭിച്ചിരുന്ന അർഹരായ വ്യക്തികൾക്ക് 2026 സെപ്റ്റംബർ 17 മുതൽ ഈ അധിക തുക ലഭിച്ചു തുടങ്ങും. ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. അർഹതയുള്ളവർക്ക് പേയ്മെന്റ് സ്വമേധയാ നൽകും.
നിലവിൽ CDB ലഭിക്കാത്ത ചില വ്യക്തികൾക്കും, നിശ്ചിത കാലയളവിൽ CDB ലഭിച്ചിരുന്നെങ്കിൽ ഈ $150 പേയ്മെന്റിന് അർഹത ഉണ്ടായേക്കാം.
അതേസമയം, ഭാവിയിൽ CDB-യ്ക്ക് അർഹരാകുന്നവർക്ക് പുതിയ DTC സർട്ടിഫിക്കറ്റ് ലഭിക്കുന്ന സാഹചര്യത്തിലും ഈ സഹായം ലഭ്യമാക്കും. 2027 ശൈത്യകാലം മുതൽ പുതിയ അർഹരായ വ്യക്തികൾക്കുള്ള സപ്ലിമെന്ററി പേയ്മെന്റുകൾ നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്.
കാനഡ ഡിസബിലിറ്റി ബെനഫിറ്റ് ലഭിക്കുന്നതിന് DTC അംഗീകാരം നിർബന്ധമാണ്. താഴ്ന്നതും മിതമായതുമായ വരുമാനമുള്ള വൈകല്യമുള്ള വ്യക്തികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനാണ് CDB പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
2026 ജൂലൈ മുതൽ 2027 ജൂൺ വരെയുള്ള കാലയളവിൽ CDBയുടെ പരമാവധി പ്രതിമാസ തുക $204.20 ആണ്. എന്നാൽ ഓരോ വ്യക്തിക്കും ലഭിക്കുന്ന യഥാർത്ഥ തുക കുടുംബത്തിന്റെ വരുമാനത്തെ ആശ്രയിച്ചായിരിക്കും.
പുതിയ $150 സഹായം DTC അപേക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക തടസ്സങ്ങൾ കുറയ്ക്കുകയും കൂടുതൽ അർഹരായ വ്യക്തികൾക്ക് ഡിസബിലിറ്റി ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും ചെയ്യുമെന്ന് സർക്കാർ അറിയിച്ചു.