HomeGulf Newsപലസ്തീന് പിന്തുണയുമായി ബ്രിക്സ്; ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം

പലസ്തീന് പിന്തുണയുമായി ബ്രിക്സ്; ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം

പലസ്തീന് പിന്തുണയുമായി ബ്രിക്സ്; ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം

പലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ബ്രിക്സ് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ് പലസ്തീൻ വിഷയത്തിൽ ശക്തമായ നിലപാട് അംഗരാജ്യങ്ങൾ സ്വീകരിച്ചത്.പലസ്തീൻ ജനതയെ അവരുടെ ഭൂമിയിൽനിന്ന് ബലമായി കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങളെ ബ്രിക്സ് രാജ്യങ്ങൾ ശക്തമായി എതിർത്തു. പലസ്തീൻ ജനതയുടെ സ്വയംനിർണയാവകാശവും സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശവും സംയുക്ത പ്രസ്താവനയിൽ വീണ്ടും ഉറപ്പിച്ചു.
ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനും അടിയന്തര വെടിനിർത്തൽ നടപ്പാക്കാനും രാജ്യങ്ങൾ ആഹ്വാനം ചെയ്തു. സാധാരണ ജനങ്ങളുടെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
1967-ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്രവും പരമാധികാരമുള്ളതുമായ പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിന് ബ്രിക്സ് പിന്തുണ ആവർത്തിച്ചു. പലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വം ലഭിക്കണമെന്ന ആവശ്യത്തിനും അംഗരാജ്യങ്ങൾ പിന്തുണ അറിയിച്ചു.
മധ്യപൂർവദേശത്തെ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുന്നത് ഒഴിവാക്കാൻ പരമാവധി സംയമനം പാലിക്കണമെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകളിലൂടെയും ബഹുമുഖ സഹകരണത്തിലൂടെയും പ്രാദേശിക സമാധാനവും സ്ഥിരതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും പ്രസ്താവനയിൽ വ്യക്തമാക്കി.പലസ്തീൻ വിഷയത്തിൽ ബ്രിക്സ് സ്വീകരിച്ച നിലപാടിനെ പലസ്തീൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കും സ്വതന്ത്ര രാഷ്ട്രത്തിനായുള്ള പോരാട്ടത്തിനുമുള്ള പിന്തുണയായി പ്രസ്താവനയെ അവർ വിലയിരുത്തി.

error: Content is protected !!