യു.എസ്. താവളങ്ങളിൽ ആക്രണം കടുപ്പിച്ച് ഇറാൻ
ഇടക്കാല വെടിനിർത്തൽക്കരാറിനെയും അത് അന്തിമമാക്കാനുള്ള ശ്രമങ്ങളെയും തുലാസ്സിലാക്കി പശ്ചിമേഷ്യയിൽ ആക്രമണ പ്രത്യാക്രമണം തുടർന്ന് യു.എസും ഇറാനും. പരസ്പരം വെടിനിർത്തൽ ലംഘനമാരോപിച്ചാണ് ആക്രമണങ്ങൾ. ചരക്കുകപ്പൽ ആക്രമിച്ചതിനുള്ള മറുപടിയെന്നു പറഞ്ഞ് ഇറാന്റെ സൈനിക നിരീക്ഷണ കേന്ദ്രങ്ങൾ, ആശയവിനിമയ സൗകര്യങ്ങൾ, വ്യോമപ്രതിരോധസംവിധാനങ്ങൾ, ഡ്രോൺ സംഭരണകേന്ദ്രം, കടൽമൈനുകൾ സ്ഥാപിക്കാനുള്ള സംവിധാനങ്ങൾ എന്നിവ ശനിയാഴ്ച യു.എസ്. ആക്രമിച്ചു. തെക്കൻ ഇറാനിലെ സിറികിൽ സ്ഫോടനമുണ്ടായി. പിന്നാലെ യു.എസിന് സൈനിക നടപടിയിലൂടെ ബാക്കി ദൗത്യം പൂർത്തിയാക്കേണ്ടിവരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പുനൽകി. അതുകഴിഞ്ഞാൻ ഇറാൻ എന്ന രാജ്യം കാണില്ലെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.
ട്രംപിന്റെ ഭീഷണിയുണ്ടായി ഒരുമണിക്കൂറിനകം കുവൈത്തിലെയും ബഹ്‌റൈനിലെയും യു.എസ്. താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ വീണ്ടും വ്യോമാക്രമണം നടത്തി. അൽ അസദ് വ്യോമതാവളം ലക്ഷ്യമിട്ടെത്തിയ ഇറാന്റെ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കുവൈത്ത് സൈന്യം നിർവീര്യമാക്കി. ഇറാന്റെ ആക്രമണത്തിൽ സേനാതാവളങ്ങൾക്ക് കാര്യമായ കേടുപാടുകൾ പറ്റിയിട്ടില്ലെന്നും ആർക്കും പരിക്കില്ലെന്നും മുതിർന്ന യു.എസ്. ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, ഇറാൻ ആക്രമണത്തിൽ ബഹ്‌റൈനിലെ മഹറാഘ് പ്രവിശ്യയിൽ എട്ടുനില പാർപ്പിടകേന്ദ്രത്തിന് കേടുപറ്റിയെന്നാണു വിവരം.
ജൂൺ 17-ന് ഇടക്കാല വെടിനിർത്തൽക്കരാർ പ്രാബല്യത്തിലായതോടെ തത്കാലത്തേക്ക് അയഞ്ഞ സംഘർഷം വ്യാഴാഴ്ച ഒമാൻ തീരത്ത് ചരക്കുകപ്പൽ ആക്രമിക്കപ്പെട്ടതോടെയാണ് വീണ്ടും തുടങ്ങിയത്. ശനിയാഴ്ച പാനമ പതാകയുള്ള മറ്റൊരു കപ്പൽകൂടി ആക്രമണത്തിനിരയായി. രണ്ടുസംഭവങ്ങൾക്കും പിന്നിൽ ഇറാനാണെന്നു പറഞ്ഞാണ് വെള്ളിയാഴ്ച യു.എസ്. ആക്രമണം പുനരാരംഭിച്ചത്.
വെടിനിർത്തൽക്കരാർ മാനിക്കാൻ ഇറാന് അവസരം നൽകിയെന്നും എന്നാൽ മാനിക്കേണ്ടെന്നാണ് അവരുടെ തീരുമാനമെന്നും യു.എസ്. സെൻട്രൽ കമാൻഡ് ആരോപിച്ചു. യു.എസ്. വെടിനിർത്തൽ ലംഘിച്ചെന്നും ആക്രമണം തുടർന്നാൽ നയതന്ത്രശ്രമങ്ങളും ചർച്ചകളും പൂർണമായി നിർത്തിവെക്കുമെന്നും ഇറാന്റെ ഇസ്‍ലാമിക് റെവലൂഷണറി ഗാർഡ് (ഐ.ആർ.ജി.സി.) മുന്നറിയിപ്പുനൽകി.
വരുംദിവസങ്ങളിൽ ഗൾഫ് മേഖലയിലെ യു.എസ്. സേനാതാവളങ്ങളിൽ നരകതുല്യമായ അവസ്ഥയുണ്ടാകുമെന്ന് ഐ.ആർ.ജി.സിയുടെ നാവിക കമാൻഡും ഭീഷണി മുഴക്കി. യു.എൻ. രക്ഷാസമിതി അടിയന്തര യോഗം ചേർന്ന് ആക്രമണത്തിന് ഇറാനെ ഉത്തരവാദിയാക്കണമെന്ന് ബഹ്‌റൈൻ ആവശ്യപ്പെട്ടു. ഇറാനും യു.എസും ആക്രമണങ്ങൾ സ്ഥിരമായി നിർത്തിവെക്കണമെന്ന് നിർദേശിക്കുന്നതാണ് 14 നിർദേശങ്ങളടങ്ങിയ ഇടക്കാല കരാർ.