അമേരിക്കൻ സർക്കാർ സംവിധാനങ്ങളിൽ ചൈനീസ് ഹാക്കിംഗ്; അന്വേഷണം ശക്തമാക്കി
അമേരിക്കയിലെ വിവിധ സർക്കാർ ഏജൻസികളിലും നിർണായക അടിസ്ഥാന സൗകര്യങ്ങളിലും വർഷങ്ങളായി സൈബർ ആക്രമണങ്ങൾ നടത്തിയതായി ആരോപിക്കപ്പെടുന്ന ചൈനീസ് ഹാക്കിംഗ് ശൃംഖലയെതിരെ അന്വേഷണം ശക്തമാക്കിയതായി യു.എസ്. നീതിന്യായ വകുപ്പും എഫ്ബിഐയും അറിയിച്ചു. ഹാക്കിംഗ് പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്ന പ്രധാന ഓൺലൈൻ പ്ലാറ്റ്ഫോമുകളും ഡൊമെയ്നുകളും പിടിച്ചെടുത്തതായും അധികൃതർ വ്യക്തമാക്കി.
അന്വേഷണത്തിൽ, നാസ (NASA), യു.എസ്. സെനറ്റ്, ഫെഡറൽ റിസർവ്, നീതിന്യായ വകുപ്പ്, ആരോഗ്യ-മനുഷ്യ സേവന വകുപ്പ് (HHS), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത് (NIH), ഊർജ വകുപ്പ് എന്നിവ ഉൾപ്പെടെയുള്ള നിരവധി സുപ്രധാന സർക്കാർ സ്ഥാപനങ്ങളാണ് ഹാക്കർമാരുടെ ലക്ഷ്യമായിരുന്നതെന്ന് കണ്ടെത്തി. ആശുപത്രികൾ, ടെലികോം കമ്പനികൾ, വൈദ്യുതി വിതരണ സ്ഥാപനങ്ങൾ, പ്രതിരോധ കരാറുകാർ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കും ആക്രമണ ശ്രമങ്ങൾ നേരിട്ടതായി അധികൃതർ അറിയിച്ചു.
2018 മുതൽ പ്രവർത്തിച്ചിരുന്ന ഈ ഹാക്കിംഗ് ശൃംഖല ചൈന ആസ്ഥാനമായുള്ള നാൻജിംഗ് സിൻജിയുവേയ് നെറ്റ്വർക്ക് ടെക്നോളജി എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടതാണെന്നും, ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിനും പീപ്പിൾസ് ലിബറേഷൻ ആർമിക്കും വേണ്ടി പ്രവർത്തിച്ചിരുന്നുവെന്നുമാണ് അമേരിക്കയുടെ ആരോപണം. ഹാക്കിംഗ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്ന QScan, QTRouter എന്നീ പ്ലാറ്റ്ഫോമുകളാണ് ഇപ്പോൾ അധികൃതർ പിടിച്ചെടുത്തിരിക്കുന്നത്.
അതേസമയം, അമേരിക്കയുടെ ആരോപണങ്ങൾ ചൈന നിഷേധിച്ചു. സൈബർ സുരക്ഷാ വിഷയങ്ങളെ രാഷ്ട്രീയവൽക്കരിച്ച് ചൈനയെ അപകീർത്തിപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും, ചൈന എല്ലാ തരത്തിലുള്ള സൈബർ ആക്രമണങ്ങളെയും നിയമപരമായി എതിർക്കുന്ന രാജ്യമാണെന്നും വാഷിങ്ടണിലെ ചൈനീസ് എംബസി പ്രതികരിച്ചു.
സർക്കാർ സ്ഥാപനങ്ങൾക്കും ആരോഗ്യ മേഖലയ്ക്കും നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള സൈബർ ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ എല്ലാ സ്ഥാപനങ്ങൾക്കും എഫ്ബിഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സംഭവം അമേരിക്കയും ചൈനയും തമ്മിലുള്ള സൈബർ സുരക്ഷാ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.