ജനവിശ്വാസം നേടിയെടുക്കുക വലിയൊരു നേട്ടം’ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് കമൽഹാസൻ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലിരുന്ന പ്രധാനമന്ത്രിയെന്ന നാഴികക്കല്ല് കൈവരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളുമായി നടനും രാജ്യസഭാ എംപിയുമായ കമൽ ഹാസൻ. ഇന്ത്യയെപ്പോലുള്ള വൈവിധ്യമാർന്ന ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ ഈ നീണ്ടുനിൽക്കുന്ന പൊതുവിശ്വാസം നിലനിർത്തുക എന്നത് വലിയൊരു നേട്ടമാണെന്ന് അദ്ദേഹം കുറിച്ചു. ഒപ്പം, രാജ്യത്തിന്റെ പുരോഗതിയിലും പൊതുജനക്ഷേമത്തിലും തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.
‘ഭാരതത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലിരുന്ന പ്രധാനമന്ത്രിയെന്ന പദവി കൈവരിച്ച ശ്രീ @narendramodi ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നമ്മുടേത് പോലുള്ള വൈവിധ്യമാർന്ന ഒരു ജനാധിപത്യ രാജ്യത്ത്, ജനങ്ങളുടെ ഈ നീണ്ടുനിൽക്കുന്ന പൊതുവിശ്വാസം നേടിയെടുക്കുക എന്നത് വലിയൊരു നേട്ടം തന്നെയാണ്. നമ്മുടെ കൂട്ടായ ശ്രദ്ധ എപ്പോഴും ഇന്ത്യയുടെ പുരോഗതിയിലും സഹപൗരന്മാരുടെ ക്ഷേമത്തിലും തന്നെ നിലനിൽക്കട്ടെ’ – കമൽഹാസൻ ഫേസ്ബുക്കിൽ കുറിച്ചു.
ചരിത്രനേട്ടം സ്വന്തമാക്കിയ നരേന്ദ്ര മോദിക്ക് ആശംസകളുമായി ആഗോള നേതാക്കൾ രംഗത്തെത്തിയിരുന്നു. മോദിയുടെ നേതൃപാടവത്തെയും സാമ്പത്തിക കാഴ്ചപ്പാടുകളെയും ആഗോളതലത്തിൽ ഇന്ത്യ കൈവരിച്ച വളർച്ചയെയും വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ പ്രകീർത്തിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യമായി അഭിനന്ദിച്ചവരിൽ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയും ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനങ്ങൾക്ക് വർഷങ്ങളായി അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിശ്വാസമാണ് ഈ നേട്ടമെന്ന് ദിസനായകെ പറഞ്ഞു. പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മരാപെ പ്രധാനമന്ത്രി മോദിയെ നേതൃത്വത്തിന്റെ മാതൃക എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായും വീഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. മോദിയുടെ നേതൃത്വത്തിൽ ആഗോള വിഷയങ്ങളിൽ ഇന്ത്യ പ്രമുഖ ശബ്ദമായി മാറിയെന്ന് ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമല പ്രസാദ് ബിസേസർ പറഞ്ഞു.
