മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു
നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനം ഒഴിഞ്ഞു. ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന മന്ത്രിസഭായോഗം റദ്ദാക്കിയ ശേഷമാണ് അദ്ദേഹം രാജിവെച്ചത്. ഗവർണർ രാജേന്ദ്ര അർലേക്കർക്കാണ് മുഖ്യമന്ത്രി തന്റെ രാജിക്കത്ത് കൈമാറിയത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ചതായി ഗവർണർ ഔദ്യോഗികമായി അറിയിച്ചു.
പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ പിണറായി വിജയൻ കാവൽ മുഖ്യമന്ത്രിയായി തുടരും. സ്ഥാനമൊഴിയുന്നതിനോടനുബന്ധിച്ച് അദ്ദേഹം ഗവർണറുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടിയാണ് യു.ഡി.എഫ് ചരിത്രവിജയം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 98 സീറ്റുകളുമായി ഭരണത്തിലിരുന്ന എൽ.ഡി.എഫ് ഇത്തവണ വെറും 35 സീറ്റുകളിലേക്ക് ഒതുങ്ങി. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മൂന്ന് സീറ്റുകളിൽ വിജയിച്ച് തിരഞ്ഞെടുപ്പിൽ സാന്നിധ്യമറിയിച്ചു. ഇതോടെ പത്ത് വർഷം നീണ്ടുനിന്ന എൽ.ഡി.എഫ് ഭരണത്തിന് അന്ത്യമാവുകയും യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
