സ്റ്റാർലിങ്ക്’ ഉപകരണങ്ങൾ രഹസ്യമായി ഇറാനിലേക്ക്, വിലക്ക് മറികടന്ന് ഉപയോഗം
യുദ്ധം തകർത്ത ഇറാനിൽ ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ മറികടന്ന് ‘സ്റ്റാർലിങ്ക്’ ഇന്റർനെറ്റ് ഉപകരണങ്ങൾ രഹസ്യമായി എത്തിക്കുന്ന വിപുലമായ ശൃംഖല പ്രവർത്തിക്കുന്നതായി ബിബിസി റിപ്പോർട്ട്. രാജ്യത്ത് ഇന്റർനെറ്റ് നിയമവിരുദ്ധമാണെങ്കിലും പുറംലോകവുമായി ബന്ധം നിലനിർത്താൻ ജനങ്ങൾ ഈ രഹസ്യ മാർഗത്തെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ രാജ്യത്തുണ്ടായ വൻ പ്രതിഷേധങ്ങളെത്തുടർന്നാണ് ഇറാൻ അധികൃതർ ഇന്റർനെറ്റ് പൂർണമായും നിരോധിച്ചത്.
ഫെബ്രുവരിയിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉൾപ്പെടെ കൊല്ലപ്പെട്ട ഇസ്രയേൽ-അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ നിയന്ത്രണം കൂടുതൽ കടുപ്പിച്ചിരുന്നു. ഇറാനിലെ ഡിജിറ്റൽ ലോകം ഇരുട്ടിലാകാതിരിക്കാൻ അതിർത്തികൾ വഴി അതിസങ്കീർണമായ രീതിയിലാണ് സ്റ്റാർലിങ്ക് ഉപകരണങ്ങൾ കടത്തുന്നത്. ഒരാൾക്കെങ്കിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ കഴിഞ്ഞാൽ അത് വലിയ വിജയമാണെന്ന് ഈ ദൗത്യത്തിൽ പങ്കാളിയായ സഹാന്ദ് (യഥാർഥ പേരല്ല) ബിബിസിയോട് പറഞ്ഞു.
