ട്രംപിന്റെ ചിത്രം പതിപ്പിച്ച പ്രത്യേക 1 ഡോളർ നാണയം പുറത്തിറക്കി അമേരിക്ക
അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം പതിപ്പിച്ച പ്രത്യേക 1 ഡോളർ നാണയം യുഎസ് മിന്റ് പുറത്തിറക്കി. രാജ്യത്തിന്റെ ചരിത്രത്തിൽ ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം ഉൾപ്പെടുത്തിയുള്ള പ്രചാരത്തിലുള്ള നാണയം പുറത്തിറക്കുന്നത് ഏറെ ശ്രദ്ധേയമായ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.
നാണയത്തിന്റെ മുൻവശത്ത് (Obverse) ട്രംപിന്റെ ചിത്രം, “LIBERTY”, “IN GOD WE TRUST”, “1776–2026” എന്നീ ആലേഖനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പിൻവശത്ത് അമേരിക്കൻ പ്രസിഡൻഷ്യൽ സീലും രാജ്യത്തിന്റെ 250-ാം വാർഷികത്തെ സൂചിപ്പിക്കുന്ന “250” എന്ന അടയാളവുമാണ് നൽകിയിരിക്കുന്നത്. പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു വർഷത്തേക്ക് ഈ നാണയം പുറത്തിറക്കാൻ അനുമതി നൽകിയതെന്ന് യുഎസ് മിന്റ് അറിയിച്ചു.
സ്വർണനിറത്തിലുള്ള ഈ നാണയത്തിൽ യഥാർത്ഥ സ്വർണം ഉപയോഗിച്ചിട്ടില്ല. ചെമ്പ്, സിങ്ക്, മാംഗനീസ്, നിക്കൽ എന്നിവയുടെ മിശ്രലോഹം ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. നിയമപരമായി ഇത് 1 ഡോളർ മൂല്യമുള്ള കറൻസിയായി ഉപയോഗിക്കാമെങ്കിലും, ശേഖരിക്കാവുന്ന പ്രത്യേക നാണയം (Collectible) എന്ന നിലയിലും യുഎസ് മിന്റ് വിപണിയിലെത്തിച്ചിട്ടുണ്ട്. 25 നാണയങ്ങളുള്ള റോളും 100 നാണയങ്ങളുള്ള ബാഗും പ്രത്യേകം വിൽപ്പനയ്ക്കുണ്ട്.
ട്രംപിന്റെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തിയ തീരുമാനം അമേരിക്കയിൽ രാഷ്ട്രീയ-നിയമപരമായ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തരുതെന്ന ദീർഘകാല പാരമ്പര്യത്തിൽ നിന്നുള്ള വ്യതിചലനമാണിതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുമ്പോൾ, രാജ്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക നാണയപരമ്പരയുടെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്നാണ് ട്രംപ് അനുകൂലികളുടെ വാദം.