അമേരിക്കയിലേക്കുള്ള കനേഡിയൻ യാത്രകൾ തുടർച്ചയായ രണ്ടാം മാസവും വർധിച്ചു; സ്റ്റാറ്റിസ്റ്റിക്സ് കാനഡ
അമേരിക്കയിലേക്കുള്ള കനേഡിയൻ യാത്രകളിൽ വീണ്ടും വർധന. തുടർച്ചയായ രണ്ടാം മാസമാണ് കാനഡയിൽ താമസിക്കുന്നവരുടെ യു.എസ്. യാത്രകൾ വർഷാന്തര അടിസ്ഥാനത്തിൽ ഉയരുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
2026 മേയിൽ അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് മടങ്ങിയെത്തിയ കനേഡിയൻ താമസക്കാരുടെ യാത്രകൾ 2.6 മില്യണായി. 2025 മേയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 9.9 ശതമാനം വർധനയാണ്. ഇതിന് മുമ്പ് തുടർച്ചയായി 15 മാസത്തോളം വർഷാന്തര അടിസ്ഥാനത്തിൽ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇപ്പോൾ രണ്ടാം മാസവും വർധന ഉണ്ടായിരിക്കുന്നത്.
റോഡ് മാർഗമുള്ള യാത്രകളിലാണ് ഏറ്റവും ശ്രദ്ധേയമായ വർധന. മേയിൽ അമേരിക്കയിൽ നിന്ന് വാഹനമാർഗം മടങ്ങിയെത്തിയ കനേഡിയൻ യാത്രക്കാരുടെ എണ്ണം 17.7 ശതമാനം ഉയർന്ന് 1.8 മില്യണിലെത്തി. ഇവരിൽ 65.5 ശതമാനവും ഒരേ ദിവസം പോയി മടങ്ങിയ യാത്രകളായിരുന്നു. അതേസമയം വിമാനമാർഗമുള്ള മടക്കയാത്രകൾ 3.2 ശതമാനം കുറഞ്ഞ് 703,700 ആയി. ക്രൂയിസ് കപ്പൽ വഴിയുള്ള യാത്രകൾ 10.6 ശതമാനം വർധിച്ചു.
എന്നാൽ പുതിയ വർധനയെ മാത്രം അടിസ്ഥാനമാക്കി കനേഡിയൻ യാത്രക്കാർ പൂർണമായും പഴയ രീതിയിൽ അമേരിക്കയിലേക്ക് തിരിച്ചെത്തിയെന്ന് വിലയിരുത്താനാവില്ല. കഴിഞ്ഞ വർഷം ഇതേ സമയത്ത് യാത്രകളിൽ വലിയ ഇടിവുണ്ടായിരുന്നതിനാൽ base-year effect മേയിലെ ഉയർന്ന വളർച്ചാനിരക്കിന് കാരണമായിട്ടുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അമേരിക്കക്കാരുടെ കാനഡയിലേക്കുള്ള യാത്രയും ശക്തമായി വർധിച്ചു. മേയിൽ 2.2 മില്യൺ യു.എസ്. താമസക്കാർ കാനഡ സന്ദർശിച്ചു, മുൻവർഷത്തേക്കാൾ 13 ശതമാനം വർധന. അമേരിക്കക്കാരുടെ കാനഡയിലേക്കുള്ള യാത്ര വർധിക്കുന്നത് ഇത് തുടർച്ചയായ നാലാം മാസമാണ്.