a
HomeInternational Affairsയുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണ്; പുടിനോട് നേരിട്ടുള്ള ചർച്ചയ്ക്ക് ആഹ്വാനം ചെയ്ത് സെലൻസ്കി

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണ്; പുടിനോട് നേരിട്ടുള്ള ചർച്ചയ്ക്ക് ആഹ്വാനം ചെയ്ത് സെലൻസ്കി

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണ്; പുടിനോട് നേരിട്ടുള്ള ചർച്ചയ്ക്ക് ആഹ്വാനം ചെയ്ത് സെലൻസ്കി

റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനും ശാശ്വതമായ സമാധാനത്തിനായി നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെടാനും റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനോട് നേരിട്ട് അഭ്യർത്ഥിച്ച് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി.
വർഷങ്ങളായി തുടരുന്ന കടുത്ത യുദ്ധത്തിനിടയിൽ പുടിനെ അഭിസംബോധന ചെയ്ത് പുറത്തുവിട്ട ഈ തുറന്ന കത്ത് ഒരു നയതന്ത്ര അഭ്യർത്ഥന എന്നതിലുപരി നേരിട്ടുള്ള ഒരു വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്.
യുക്രെയ്ൻ-റഷ്യ ബന്ധത്തെ പുടിൻ ഒരു സ്ഥിരം യുദ്ധഭൂമിയാക്കി മാറ്റിയെന്ന് സെലൻസ്കി കുറ്റപ്പെടുത്തി. വിദേശ പങ്കാളികളെ റഷ്യ അമിതമായി ആശ്രയിക്കുന്നതിനെ പരിഹസിച്ച അദ്ദേഹം, ദീർഘകാലം അധികരണം നിലനിർത്തിയ പല ഭരണാധികാരികളുടെയും അതേ വിധി തന്നെയായിരിക്കും ഒടുവിൽ റഷ്യൻ നേതാവിനെയും കാത്തിരിക്കുന്നതെന്ന് മുന്നറിയിപ്പ് നൽകി
“തീരുമാനം ഇനി നിങ്ങളുടേതാണ്. യുദ്ധം ചെയ്തത് മതി. ഈ യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ മുന്നോട്ട് വരികയാണ്,” സെലൻസ്കി കത്തിൽ കുറിച്ചു. ചർച്ചകളിലൂടെ ഒരു പരിഹാരമുണ്ടാകുകയാണെങ്കിൽ സെലൻസ്കിയുമായി സമാധാന കരാറിൽ ഒപ്പുവെക്കുന്ന കാര്യം തള്ളിക്കളയുന്നില്ലെന്ന് പുതിൻ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് യുക്രെയ്ൻ പ്രസിഡൻ്റിൻ്റെ ഈ നിർണ്ണായക നീക്കം.
നിലവിലെ കടുത്ത സംഘർഷത്തിന്റെ പൂർണ്ണമായ ഉത്തരവാദിത്തം പുടിൻ്റെ മേൽ ചുമത്തിയ സെലൻസ്കി, അദ്ദേഹത്തിന്റെ മൂന്ന് പതിറ്റാണ്ടോളം നീണ്ട ഭരണം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ യുദ്ധത്തിലേക്ക് വഴിമാറ്റിയതായി കുറ്റപ്പെടുത്തി.
“26 വർഷങ്ങൾക്ക് മുൻപ് നിങ്ങൾ റഷ്യയിൽ അധികാരത്തിൽ വന്നപ്പോൾ, യുക്രെയ്നിലെ ഒട്ടനവധി ആളുകൾ നിങ്ങളെ വളരെ നല്ല രീതിയിലാണ് വീക്ഷിച്ചിരുന്നത്. അങ്ങനെയായിരുന്നു സാഹചര്യം. എന്നാൽ അതെല്ലാം ഇപ്പോൾ ഭൂതകാലം മാത്രമാണ്,” സെലൻസ്കി എഴുതി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിൽ ഇപ്പോൾ വ്യാപാര-സാമ്പത്തിക ബന്ധങ്ങൾക്ക് പകരം ആക്രമണങ്ങളും നാശനഷ്ടങ്ങളും മാത്രമാണ് പ്രധാന വിഷമായി മാറുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു.
“നാറ്റോയെക്കുറിച്ചോ ഭൗമരാഷ്ട്രീയത്തെക്കുറിച്ചോ റഷ്യൻ ഭാഷയെക്കുറിച്ചോ നിങ്ങൾ എന്തൊക്കെ വാദങ്ങൾ ഉന്നയിച്ചാലും, ഈ യുദ്ധം നിങ്ങളുടെ തികച്ചും വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പ് മാത്രമാണ്. കൃത്യമായ ഒരു കാരണവുമില്ലാതെ തുടങ്ങിയ ഒരു യുദ്ധം. ചരിത്രം ഇതിനെ അങ്ങനെ മാത്രമേ രേഖപ്പെടുത്തുകയുള്ളൂ.”
യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ പരാമർശിച്ച സെലൻസ്കി, സെന്റ് പീറ്റേഴ്സ്ബർഗുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ തങ്ങളുടെ ദീർഘദൂര ഡ്രോണുകൾ എത്തിയ വാർത്തയെ യുക്രെയ്ൻ ജനത വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്ന് എഴുതി.
“നിങ്ങൾക്ക് നന്നായി അറിയാവുന്നത് പോലെ, ആ ദൂരം ഞങ്ങളുടെ ശേഷിയുടെ അവസാന പരിധിയല്ല,” അദ്ദേഹം മുന്നറിയിപ്പ് നൽകി. സെന്റ് പീറ്റേഴ്സ്ബർഗിലെ കോൺസ്റ്റാന്റിനോവ്സ്കി കൊട്ടാരത്തിൽ പുതിൻ അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിന് (SPIEF) ആതിഥേയത്വം വഹിക്കുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിലാണ് ഈ ഡ്രോൺ ആക്രമണം നടന്നത് എന്നത് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായാണ് കാണുന്നത്. ഈ വർഷം ഈ പരിപാടിയുടെ പത്താം വാർഷികം കൂടിയാണ്.