ജി7 ഉച്ചകോടിക്കിടെ മോദിയും ട്രംപും ഫ്രാൻസിൽ കൂടിക്കാഴ്ച നടത്തിയേക്കും
ഫ്രാൻസിൽ വെച്ച് നടക്കുന്ന ജി7 ഉച്ചകോടിയുടെ ഭാഗമായി ജൂൺ 16-17 തീയതികളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഫ്രാൻസിലെ എവിയാനിൽ (Evian) വെച്ച് നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇരുനേതാക്കളും എത്തുന്നതോടെയാണ് നേരിട്ടുള്ള ചർച്ചകൾക്ക് വഴിതുറക്കുന്നത്. എങ്കിലും ഈ കൂടിക്കാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഉച്ചകോടിക്കിടെയുള്ള ഇരുരുടെയും സമയക്രമങ്ങളും മറ്റ് ഔദ്യോഗിക പരിപാടികളും വിലയിരുത്തിയ ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും സ്രോതസ്സുകൾ വ്യക്തമാക്കി.
ജൂൺ 13 മുതൽ 18 വരെ ഫ്രാൻസ്, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ആറുദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത ഒരുങ്ങുന്നത്. ഗവൺമെന്റ് വാർത്താക്കുറിപ്പ് അനുസരിച്ച്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനായി ജൂൺ 13-14 തീയതികളിൽ പ്രധാനമന്ത്രി നൈസ് (Nice) സന്ദർശിക്കും. ഈ കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും ഇന്ത്യ-ഫ്രാൻസ് ബന്ധത്തിന്റെ എല്ലാ വശങ്ങളും അടുത്തിടെ ഉയർത്തിയ പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ (Special Global Strategic
Partnership) പശ്ചാത്തലത്തിൽ വിലയിരുത്തും.
ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷത്തിന്റെ ഭാഗമായി ഇന്ത്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ സ്റ്റാർട്ടപ്പുകളെയും വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളെയും ഒന്നിപ്പിക്കുന്നതിനായി നൈസിൽ വെച്ച് നടക്കുന്ന ‘ഭാരത് ഇന്നൊവേറ്റ്സ്’ (Bharat Innovates) പരിപാടി പ്രധാനമന്ത്രിയും മാക്രോണും ചേർന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്യും.
തുടർന്ന് ജൂൺ 14-16 തീയതികളിൽ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി സ്ലൊവാക്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. 1993-ൽ സ്ലൊവാക്യ സ്വാതന്ത്ര്യം നേടിയ ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി ഫിക്കോയുമായി ചർച്ചകൾ നടത്തുകയും സ്ലൊവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. വ്യാപാരം, നിക്ഷേപം, ഓട്ടോമൊബൈൽ നിർമ്മാണം, റെയിൽവേ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകൾ ഇരുവരും ആരായുന്നതാണ്.
സ്ലൊവാക്യൻ സന്ദർശനത്തിന് ശേഷം ഫ്രാൻസിലേക്ക് മടങ്ങിയെത്തുന്ന പ്രധാനമന്ത്രി മോദി, പ്രസിഡന്റ് മാക്രോണിന്റെ ക്ഷണപ്രകാരം ജൂൺ 16-17 തീയതികളിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിക്കിടെ അദ്ദേഹം ജി7 നേതാക്കൾ, പങ്കാളിത്ത രാജ്യങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവരുമായി ആഗോള പങ്കാളിത്തം, സുസ്ഥിര സാമ്പത്തിക വളർച്ച, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സുരക്ഷിതമായ ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടത്തും. ഉച്ചകോടിയുടെ ഭാഗമായി ലോക നേതാക്കളുമായി നിരവധി ഉഭയകക്ഷി കൂടിക്കാഴ്ചകളും അദ്ദേഹം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
